Monday

പ്രണയം.......

നിന്നിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നതിലൂടെ 
മറന്നു വെച്ചിരിക്കുകയായിരുന്നു എന്നെ ഞാനെവിടെയോ..............
തെന്നി മാറിയും തട്ടിത്തിരിഞ്ഞും ചിതറിത്തെറിച്ചും 
വന്നു വീണത് ഒടുക്കം നിന്നിലേക്ക്‌ തന്നെ.
പതിവുപോലൊരു ചുംബനം കൊണ്ട് നീയെത്ര വേഗം എന്നെ നിന്നോട് ചേർത്തു !!!!!!!

എന്നും മഴ പെയ്യുന്ന........
എങ്ങും പച്ച നിറഞ്ഞ.............
എപ്പോഴും നേർത്ത തണുപ്പിന്റെ ആവരണമുള്ള...........
അതിന്റെ ആലസ്യത്തിൽ ചുരുണ്ടു കൂടിയിരിക്കാൻ പറ്റുന്ന ഒരിടം.
നിന്റെ ഓർമ്മകളിലേക്ക് ചെന്നണയുമ്പോൾ എന്റെ മനസ്സ് അങ്ങനെയാണ്.

നിന്റെ ശബ്ദവും,മണവും,വാക്കുകളും,കുറുമ്പുകളും ഒക്കെക്കൊണ്ട്‌
നിറഞ്ഞ നിത്യഹരിതമായ അവിടം................
എനിക്ക് തോന്നാറുണ്ട് ഞാനേറ്റവും സുരക്ഷിതമാവുന്നത് അവിടെയാണ് എന്ന്.
എന്നെ എനിക്ക് ഏറ്റവും വ്യക്തമായി കാണാനാവുന്നതും അവിടെ തന്നെ.
മനസ്സേറ്റവും ശാന്തമാവുന്നത് അവിടെയായിരിക്കുമ്പോൾ മാത്രമാണ്.

നിന്റെ പ്രണയക്കടലിൽ നനഞ്ഞിറങ്ങി അലിഞ്ഞലിഞ്ഞ്....
സ്വയം ഞാനുമൊരു കടലായ് ..............
ഒരിക്കൽ നീ പറഞ്ഞിരുന്നു,
"നിന്റെ പരിഭവങ്ങൾ കാതിൽ നിറയുന്നത് അലകളിളകുന്ന ഒച്ച പോലെ" യെന്ന്.
അങ്ങനെയെങ്കിൽ ഇന്നിപ്പോൾ ഞാൻ നീന്തി നീന്തി ഉൾക്കടലിൽ എത്തിയിരിക്കുന്നു.
പരാതികളും പരിഭവങ്ങളും ഇല്ലാതെ തീർത്തും ശാന്തമായിരിക്കുന്നു.
പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാഷ നിശബ്ദതയാണെന്ന് ഞാൻ തിരിച്ചറിയുന്നു.