Thursday

നീയെന്‍റെ പുഞ്ചിരിയല്ലേ?

അവള്‍ ചോദിച്ചു നീയെന്തേ കരയാത്തെ????
ഞാനും ചിന്തിച്ചു ഞാന്‍ എന്തെ കരയാത്തെ?
ഉത്തരം കിട്ടി.
"എനിക്ക് കരയാന്‍ ആവില്ല.
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനുണ്ട്.
ഞാന്‍ കരയുമ്പോള്‍ അവന്‍ അസ്വസ്ഥനാവും.
അവനു നോവും.
അവന്‍റെ നോവ്‌ .....അതെനിക്ക് സഹിക്കില്ല. "

അപ്പോള്‍ നീയെന്തു ചെയ്യും?
മനസ് പതറുമ്പോള്‍ നീയെന്തു ചെയ്യും?
ഞാന്‍ ഓര്‍ത്തു ഞാന്‍ എന്ത് ചെയ്യും?
ഉത്തരം കിട്ടി.
കണ്ണാടിയില്‍ നോക്കും.
എന്നെ ഞാന്‍ നോക്കുമ്പോള്‍ എനിക്ക് കാണാനാകുന്നത് നിന്നെയാണ്.
നിന്നെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ കരയും??????
നീയെന്‍റെ പുഞ്ചിരിയല്ലേ?
എന്‍റെ കണ്ണീരിനെ ചിരിയാക്കി മാറ്റുന്ന ജാലവിദ്യ നിനക്ക് മാത്രമല്ലേ അറിയൂ.............

അമ്മ പറയുന്നു നീ കരയരുത്.
കരയാന്‍ തുടങ്ങിയാല്‍  കരയിക്കാന്‍ കാരണങ്ങള്‍ ഓടിയെത്തും.
താങ്ങാന്‍ ആരുമില്ലെന്ന അറിവ് നിന്നെ   തളര്‍ത്താതിരിക്കട്ടെ .

നീയെവിടെക്ക് പോയി........
എന്നെ തനിച്ചാക്കി.............
നിനക്കറിയില്ലേ നീയില്ലാതെ ഞാന്‍ .....................

ഓരോ മഴ പെയ്തു തീരുമ്പോഴും ഞാന്‍ മോഹിക്കും എനിക്കരികിലേക്ക് നീ വന്നെങ്കിലെന്ന്.
നീ വന്നു.
കാറ്റായി..........
ശലഭമായി...............
നെറുകയില്‍ കൊഴിഞ്ഞ ഇലഞ്ഞി പൂവായി............
പക്ഷെ നീ നീയായി വന്നില്ല.
ഞാന്‍ കണ്ട,ഞാന്‍ മോഹിച്ച നിന്‍റെ രൂപത്തില്‍.,നീ വന്നേയില്ല.

ഒരിക്കല്‍ നീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
നാളെ ഒരുപക്ഷെ നമ്മള്‍ പിരിഞ്ഞേക്കാം....
നമ്മുടെ വഴികള്‍ വ്യത്യസ്തമായേക്കാം.......
എങ്കിലും നീയും ഞാനും ഒരു വഴിയുടെ തുടക്കവും ഒടുക്കവും ആണ്.
എന്‍റെ അവസാനം നിന്നിലും നിന്റേത് എന്നിലും.

അതെ,ഞാന്‍ ഇപ്പോള്‍ നിന്നിലേക്കെത്തി കൊണ്ടിരിക്കുകയാണ്.
അവിടെ നീയെന്നെ കാത്തു നില്‍ക്കുന്നുണ്ട്,
പൂമ്പാറ്റകള്‍ നിറഞ്ഞ ആ വഴിയുടെ അവസാനത്തില്‍...........................
ഇലഞ്ഞി പൂക്കള്‍ കൊണ്ടുള്ള മാലയുമായി............

നമുക്ക് പോകണം 
മേഘങ്ങള്‍ വിരിച്ച വഴിയിലൂടെ അപ്പൂപ്പന്‍താടികളെ പോല്‍ നമുക്ക് പാറി പറക്കണം.
നീയും ഞാനും ഒരുമിച്ചു കാണാന്‍ മോഹിച്ച ഗന്ധമാദന പര്‍വതത്തിന്റെ താഴ്വരയില്‍ പോയി നമുക്ക് അലസമായി ഇരിക്കണം.
അവിടെ മാത്രം കാണുന്ന ആ ചുവന്ന പൂക്കളുടെ തേന്‍ നുകരാന്‍ രണ്ടു  ശലഭങ്ങളായി നമുക്ക് മാറണം.
പൂക്കള്‍ക്കിടയില്‍ ഒളിച്ചു കളിക്കണം.
മഴ പെയ്യുമ്പോള്‍ ഇലകള്‍ക്കിടയില്‍ പതുങ്ങിയിരിക്കണം.
മഴതുള്ളി ചുംബിച്ച എന്‍റെ ചുണ്ടുകളില്‍ നിന്‍റെ ചുണ്ടുകളുടെ ചൂട് എനിക്ക് പകരണം.

കണ്ണുകള്‍ അടച്ച് ഇതെല്ലാം ഓര്‍ത്തു കൊണ്ട് നടുമുറ്റത്തെ മഴ നനഞ്ഞു ഞാന്‍ നിന്നപ്പോള്‍ .....
നിനക്ക് നൊന്തോ????
എത്ര ശ്രമിച്ചിട്ടും പിടിച്ചു നിര്‍ത്താന്‍ ആവുന്നില്ല.
പറഞ്ഞാല്‍ അനുസരിക്കുന്നില്ല എന്‍റെ കണ്ണുകള്‍.
നിന്നെ നോവിച്ചു കൊണ്ട് അവ കണ്ണുനീര്‍ ഉതിര്‍ക്കുകയാണ്.
നിന്നെ നോവിക്കുന്നല്ലോ എന്‍റെ കണ്ണുനീര്‍ എന്നോര്‍ത്ത് എന്‍റെ മനസും തേങ്ങുകയാണ്.

പ്രിയപ്പെട്ടവനെ.............
നിന്നെ ഞാന്‍ ഒരുപാടൊരുപാട് പ്രണയിക്കുന്നു.
ഈ മഴയോളം.


23 comments:

  1. കവിത നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
    Replies
    1. കവിതയോ?????????????
      എന്തോ ആവട്ടെ,നന്നായല്ലോ.അത് മതി.

      Delete
  2. "നീ വന്നു.
    കാറ്റായി..........
    ശലഭമായി...............
    നെറുകയില്‍ കൊഴിഞ്ഞ ഇലഞ്ഞി പൂവായി............
    പക്ഷെ നീ നീയായി വന്നില്ല.
    "

    സങ്കടപ്പെടുത്തുന്ന വരികള്‍....
    സാരമില്ല, നീ കരഞ്ഞോളൂ...അവനു നിന്നെയറിയാത്തില്ലേ...അവനു വേദനിക്കില്ല....
    മഴ നനയുമ്പോള്‍ എങ്കിലും നിന്റെ മിഴിനീര്‍കണങ്ങള്‍ അലിഞ്ഞില്ലാതാകട്ടെ...
    കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണല്ലോ വേദാ, ഇപ്പോള്‍ ഒരു പോസ്റ്റ്‌ വന്നിരിക്കുന്നേ...
    ഇനിയും നീ എഴുതുക.....

    ReplyDelete
    Replies
    1. "നീ വന്നു.
      കാറ്റായി..........
      ശലഭമായി...............
      നെറുകയില്‍ കൊഴിഞ്ഞ ഇലഞ്ഞി പൂവായി............
      പക്ഷെ നീ നീയായി വന്നില്ല."
      മഹേഷ്‌ ഈ വരികള്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കെന്തോ വല്ലാതെ സങ്കടം വന്നു.
      ഇപ്പൊ തോന്നുന്നു ഇതെഴുതെണ്ടിയിരുന്നില്ല എന്ന്.

      Delete
  3. ഭ്രാന്തമായ ചിന്തകള്‍...

    ReplyDelete
    Replies
    1. ഒരു ഭ്രാന്തിന്റെ ,ഭ്രാന്തിയുടെ പോസ്റ്റ്‌ അല്ലെ.
      അങ്ങനെ ആയില്ലെന്കിലെ അതിശയമുള്ളൂ.

      Delete
  4. പ്രിയപ്പെട്ടവനോടുള്ള പ്രണയം...
    കൊള്ളാം...
    "എനിക്ക് കരയാന്‍ ആവില്ല.
    എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനുണ്ട്.
    ഞാന്‍ കരയുമ്പോള്‍ അവന്‍ അസ്വസ്ഥനാവും.
    അവനു നോവും.
    അവന്‍റെ നോവ്‌ .....അതെനിക്ക് സഹിക്കില്ല. "

    ഈ വരികളെനിക്കിഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. അത് സത്യമാണ്.
      അവനു നോവുന്നത് എനിക്ക് സഹിക്കാനാവില്ല.
      അവനുള്ള നോവ്‌ കൂടി ഞാന്‍ എന്നെ ചോദിച്ചു വാങ്ങിയിരുന്നു.
      അവനുറങ്ങട്ടെ സുഖമായി,നോവുകള്‍ ഒന്നും അറിയാതെ............
      എന്റെ നോവ്‌ പോലും അറിയാതെ............

      Delete
  5. പ്രിയപ്പെട്ട ശ്രീക്കുട്ടി,

    ആവര്‍ത്തിച്ചു പറഞ്ഞു തന്നത് എത്ര മനോഹരം....!

    കണ്ണാടിയില്‍ നോക്കുമ്പോള്‍...........!പ്രിയപ്പെട്ടവരെ കണ്ണാടിയില്‍ കാണുന്ന വിദ്യ നോക്കണം..!

    സ്വാന്തനം നല്‍കുന്ന തത്വശാസ്ത്രം.

    ശ്രീ,അമ്മ പറഞ്ഞത് എത്ര ശരിയാണ് !കരയാന്‍ തുടങ്ങിയാല്‍ പിന്നെ,അതിനെ നേരം കാണു,കേട്ടോ!

    മഴ പേമാരിയാകുമ്പോള്‍, മനസ്സ് പിടയുമ്പോള്‍, പ്രാര്‍ത്ഥനയിലേക്ക് തിരിയണം....മനസ്സിന് ആശ്വാസം കിട്ടും.

    രാമായണം വായിക്കാറുണ്ടോ?അമ്മയ്ക്കും ഗോവിന്ദിനും സുഖമല്ലേ?

    ജീവിതം വല്ലാത്ത തിരക്കിലാണ്. എന്നിട്ടും മഴത്തുള്ളികള്‍ പെയ്യുന്ന വേപ്പുമരം കാണുമ്പോള്‍, സന്തോഷം തോന്നും.

    കണ്മുന്‍പില്‍, മഴത്തുള്ളികള്‍ നൃത്തം വെക്കുന്ന നീലക്കടല്‍.
    ഒരു പിടിവള്ളി അത്യാവശ്യം....എല്ലാവര്‍ക്കും.

    ചിരിക്കാനും ചിരിപ്പിക്കാനും വലിയ വിഷമമാണ്. എങ്കിലും ശ്രമിക്കണം. പ്രിയന്‍ സന്തോഷിക്കട്ടെ.

    മനോഹരമായ രാത്രി മഴ !ശുഭരാത്രി!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അത് നല്ല മാര്‍ഗമാണ് അനൂ.
      നമ്മളിലൂടെ നമുക്ക് പ്രിയപ്പെട്ടവരേ നാം കാണുക.
      അമ്മ പറഞ്ഞു തന്നതാണ്.
      അമ്മയ്ക്ക് ഇതുപോലെ ഒരുപാടു നല്ല വഴികള്‍ അറിയാം.
      ജീവിക്കാന്‍.................. ഇതൊക്കെയല്ലേ നമുക്കൊരു ധൈര്യം തരുന്നത്.
      മഴയിന്നു ഉണ്ടായില്ല.
      രാമായണം എന്നും വായിക്കാറുണ്ട്.
      കര്‍ക്കിടകം ആവുമ്പോള്‍ മാത്രമല്ല.
      പ്രാര്‍ത്ഥന ആയിട്ടൊന്നും ഇല്ല,പക്ഷെ ദൈവ സന്നിധിയില്‍ ഇരിക്കാന്‍ ഇഷ്ടമാണ്.
      ആ നിശബ്ദതയുടെ വിശുദ്ധി ഏറെയിഷ്ടം.
      ചിരിയും,ചിരിപ്പിക്കലും.................
      ഇല്ല അതിനെ കുറിച്ച് ഒന്നും പറയാനില്ല.

      Delete
  6. “താങ്ങാന്‍ ആരുമില്ലെന്ന അറിവ് നിന്നെ തളര്‍ത്താതിരിക്കട്ടെ”

    താങ്ങാന്‍ ആരുമില്ലെന്നറിയുമ്പോള്‍ ബലം തനിയെ വരും
    താങ്ങാനാളുള്ളപ്പോള്‍ തളര്‍ച്ച കൂടുമെന്ന് മൊഴി.
    ശ്രീവേദയ്ക്കെങ്ങിനെ?

    ReplyDelete
    Replies
    1. ശ്രീവേദ തളരുന്നവള്‍ അല്ല.
      പൊരുതുന്നവള്‍ ആണ്.

      Delete
  7. മഴയുടെ കുളിരു പോലെ, ഉറവ പോലെ വരികൾ എന്നിൽ വീണലിയുന്നു. ഫലം - ഓർമ്മകൾ മുള പൊട്ടിയുണരുന്നു....
    നന്നായി. ആശംസകൾ.

    ReplyDelete
    Replies
    1. മഴക്കുളിരുപോലെ ഇപ്പോള്‍ ഓര്‍മ്മകള്‍ എന്നെ പുല്‍കുന്നു.
      ഓര്‍മ്മകളുടെ തലയിണയില്‍ മുഖം അമര്‍ത്തി ഞാന്‍ അവയുടെ ഗന്ധം ആസ്വദിക്കുകയാണ്.
      അതെന്നെ ഉന്മാദിനിയാക്കുന്നു .

      Delete
  8. ഞാനേറെ സഞ്ചരിച്ചു... ഒരുവേള വഴി തെറ്റിയോ എന്നോര്‍ത്തു, മുന്നില്‍ തുറക്കപ്പെടുന്ന ഏതു വഴിയും ഒടുവില്‍ നിന്നില്‍ തന്നെ എത്തിച്ചേരുമെന്ന നിന്‍റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു...
    ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും..., നിന്നെ, നിന്നിലൂടെ നിന്‍റെ പ്രിയനേ അറിയുമ്പോള്‍ ആ വഴിയുടെ അവസാനത്തിലെ പൂമ്പാറ്റ കൂട്ടങ്ങള്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു.... ആശംസകളുമായി....

    ശുഭരാത്രി വേദാ..

    ReplyDelete
    Replies
    1. ഞാന്‍ പറഞ്ഞത് എന്‍റെ കാര്യമാണ്.
      നിനക്കും അത് അങ്ങനെ ആവുമോ എന്നെനിക്കറിയില്ല.
      എനിക്കുറപ്പാണ് .
      ഞാന്‍ അവനിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
      ആ പൂമ്പാറ്റ കൂട്ടത്തില്‍ നീയും ഉണ്ടായിരുന്നുവോ.
      ഞാന്‍ കണ്ടില്ല.
      അറിഞ്ഞില്ല.
      ആശംസകള്‍ക്ക് നന്ദി.

      Delete
  9. ഓട്ടിന്‍പുറത്തു നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ നോക്കി തിണ്ണയില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തുപോകുന്നു ഞാനും നീ എന്നില്‍ നിറച്ച മഴക്കാല രാവുകളെ.

    ReplyDelete
    Replies
    1. ഓര്‍ക്കാന്‍ ഒരുപാടു മഴക്കാല രാവുകള്‍ ഉണ്ട്.
      ഓരോ രാവുകളും തീരുന്നത് കണ്ണുകളില്‍ മറ്റൊരു പെയ്തൊഴിയുമ്പോള്‍ ആണ്.
      നല്ല പേര് നീലിമ.

      Delete
  10. ശ്രീവേദാ..
    മനോഹരമായി എഴുതി...ഇതിനു "ഭ്രാന്ത്" എന്നാ ലേബല്‍ വേണാരുന്നോ എന്ന് ഞാന്‍ ആലോചിക്കാരുന്നു. പ്രണയത്തിന്‍റെ സുന്ദര മുഹൂര്‍ത്തങ്ങളെ, സ്വപ്നങ്ങളെ, ലാളിത്യത്തോടെ പറഞ്ഞത് എനിക്കിഷ്ടമായി.......

    സ്നേഹത്തോടെ മനു.

    ReplyDelete
  11. എന്‍റെ വാക്കുകള്‍ ഒരു ഭ്രാന്തിയുടെത് തന്നെ.
    അതുകൊണ്ട് ആ പേര് തന്നെയാണ് ചേര്‍ച്ച.
    പറയാന്‍ ഇനിയും ഏറെയുണ്ട്.
    അവന്‍റെ കാതില്‍ പറയാന്‍ മാത്രം സൂക്ഷിച്ചിരിക്കുന്നത്.
    കേള്‍ക്കാന്‍ പക്ഷെ അവന്‍ കൂടെയില്ലല്ലോ.....
    മനുവിന്‍റെ പോസ്റ്റ്‌ കണ്ടിരുന്നു.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. മഴ വല്ലാത്തൊരു അനുഭവം തന്നെ ..അസ്സലായി ..... ഈ എഴുത്ത്....... ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........

      Delete
  12. പ്രിയപ്പെട്ട ശ്രീക്കുട്ടി,

    എവിടെയാണ്?എന്ത് പറ്റി?കാണാന്‍ ഇല്ലല്ലോ................?

    എന്നോട് എന്തെങ്കിലും പറയാനുണ്ടോ?

    പുതിയ പോസ്റ്റ്‌ തിരഞ്ഞു ഒത്തിരി തവണ ഈ വഴി വന്നു.

    സുഖമല്ലേ,ശ്രീക്കുട്ടി?

    സസ്നേഹം,

    അനു

    ReplyDelete