Tuesday

നിന്‍റെ പ്രണയം പ്രകൃതി പോലെ മനോഹരം.



പുലരികളില്‍ ഒരു  മഞ്ഞു തുള്ളിയായും,
പിന്നെ   ഇളം ചൂടുള്ള പ്രകാശ രേഖയായും,
രാത്രിയിലൊരു നിലാമഴയായും 
അവനെന്നിലേക്ക്  ചേര്‍ന്ന് കൊണ്ടേയിരുന്നു.
അവന്‍റെ പ്രണയം മഞ്ഞിലുരുകി,വെയിലില്‍ വെട്ടിത്തിളങ്ങി,രാത്രിമഴയില്‍ നനയിച്ച് കുളിര്‍പ്പിച്ച് അങ്ങനെയങ്ങനെ........................

ശീമക്കൊന്നയുടെ ഇളം റോസ് നിറമുള്ള കുഞ്ഞു പൂക്കള്‍  കാണാന്‍ അവനൊരുപാടു ഇഷ്ടമാണ്.
അവന്‍ പറയാറുണ്ട്  നമ്മള്‍ ഉണ്ടാക്കുന്ന വീടിനു മതില്‍ പണിയണ്ട പകരം അവിടെ നിറയെ ശീമക്കൊന്നകള്‍ നടണമെന്ന്.
മതിലായി ആ റോസ് നിറമുള്ള പൂക്കള്‍.....
മണമില്ലാത്ത, ഭംഗിയില്ലാത്ത ആ പൂവോ എന്ന് ഞാന്‍ ആദ്യമായി ചോദിച്ചപ്പോള്‍ എന്നോട് പിണങ്ങിയ അവന്‍റെ കണ്ണുകളെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പ്രണയം എത്ര മനോഹരമാണ് ഒരു കുഞ്ഞു പൂവില്‍ പോലും എന്ന്  
അന്ന് ഞാന്‍ മനസിലാക്കി.


എന്‍റെ മുറിയിലെ ജനലിലൂടെ ഉദയാസ്തമയങ്ങളുടെ ഇളം ചൂടുള്ള അതിലേറെ കുളിരുള്ള ചെന്തീക്കനല്‍ എന്നിലേക്കെത്തുമ്പോള്‍,
എന്‍റെ വീടിന്‍റെ നടുമുറ്റത്തെ മുല്ലവള്ളികളില്‍ രാത്രി പൂക്കള്‍ വിരിയുമ്പോള്‍,അതിന്‍റെ സുഗന്ധം എനിക്ക് ചുറ്റും നിറയുമ്പോള്‍,
ഞാന്‍ ഓര്‍ക്കാറുണ്ട് ഈ മനോഹാരിതകള്‍ ആസ്വദിക്കാന്‍ എനിക്കൊപ്പം നീയും കൂടി ഉണ്ടായിരുന്നെങ്കിലെന്ന്.
നടുമുറ്റത്ത്‌ നിന്ന് മഴനൂലിഴകളെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍,
ആരും കാണാതെ അഷ്ടപദിയുടെ നിര്‍വൃതിയില്‍ മുഴുകി രാത്രി മഴ കൊള്ളുമ്പോള്‍,
ആഗ്രഹിക്കാറുണ്ട് നീയും ഈ കുസൃതിക്കു കൂടെയുണ്ടായിരുന്നെങ്കിലെന്ന്.
മനസിപ്പോ അറിയാതെ മൂളുന്നു "ചന്ദനചര്‍ച്ചിത നീലകളേബര പീതവസന വനമാലീ.................."
എത്ര മനോഹരം....!!!!!!!!!!!

ആദ്യമായി നീയെനിക്ക് നല്‍കിയ ആറന്മുള കണ്ണാടി...........
അതില്‍ നോക്കുമ്പോഴെല്ലാം എന്‍റെ മിഴികള്‍ നാണം കൊണ്ട് അടഞ്ഞു പോവാറുണ്ട്.
അതിലൂടെ നീയെന്നെ നോക്കുന്നതായി തോന്നുമ്പോള്‍.....................................
പിന്നെ ഞാനെന്തു ചെയ്യാനാ...............!!!!!!!!!!!!
നിന്‍റെ മിഴികള്‍ക്ക് മുന്നില്‍ മുഖമുയര്‍ത്തി നില്‍ക്കാന്‍ അധികനേരം എനിക്കാവില്ല.
എന്‍റെ പിറന്നാളിന് നല്‍കിയ വെള്ളി കെട്ടിയ ആ കുഞ്ഞു വെളുത്ത ശംഖ് ചെവിയോടു ചേര്‍ക്കുമ്പോള്‍...................................
നിന്‍റെ പ്രണയത്തിന്‍റെ കടല്‍ നിശബ്ദമായി അലയടിക്കുന്നതായി തോന്നാറുണ്ട്.
നീയെനിക്ക് നല്‍കിയ സമ്മാനങ്ങള്‍ എത്ര വ്യത്യസ്തമായിരുന്നു...!!!!!!

ഇതാ എനിക്കടുത്തേക്ക്   ഒരു മിന്നാമിനുങ്ങ്‌  വരുന്നു.
ഒരു മനോഹര ദൃശ്യം മിഴികളില്‍  തെളിയുന്നു.
ക്ലാരയുടെ പ്രണയം അവളെക്കാള്‍  സുന്ദരമെന്നു കാണിച്ച ,
ദേവലോകത്തിലെ ഗന്ധര്‍വന് വേണ്ടി ,
അവനോടുള്ള പ്രണയത്തേക്കാള്‍  വലുതല്ല മറ്റൊന്നും എന്ന് വിശ്വസിച്ച 
ഇങ്ങു ഭൂമിയിലെ ഒരു പെണ്ണിന്‍റെ കഥ പറഞ്ഞ ,
നിനക്കും, നിന്നിലൂടെ എനിക്കും പ്രിയപ്പെട്ട കഥാകാരന്‍ മണ്‍മറഞ്ഞിട്ട് രണ്ടു ദശാബ്ദത്തിനപ്പുറം ആയെന്നു ഇന്ന് വാര്‍ത്തയില്‍ കണ്ടപ്പോള്‍  എന്തിനോ എന്‍റെ മിഴികള്‍ നിറഞ്ഞു.
എനിക്കറിയാം നിന്‍റെ ഹൃദയവും ഒന്ന് വിങ്ങിയിരിക്കും.


9 comments:

  1. "ക്ലാരയുടെ പ്രണയം അവളെക്കാള്‍ സുന്ദരമെന്നു കാണിച്ച ,
    ദേവലോകത്തിലെ ഗന്ധര്‍വന് വേണ്ടി ,
    അവനോടുള്ള പ്രണയത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് വിശ്വസിച്ച
    ഇങ്ങു ഭൂമിയിലെ ഒരു പെണ്ണിന്‍റെ കഥ പറഞ്ഞ ,
    നിനക്കും, നിന്നിലൂടെ എനിക്കും പ്രിയപ്പെട്ട കഥാകാരന്‍ മണ്‍മറഞ്ഞിട്ട് രണ്ടു ദശാബ്ദത്തിനപ്പുറം ആയെന്നു ഇന്ന് വാര്‍ത്തയില്‍ കണ്ടപ്പോള്‍ എന്തിനോ എന്‍റെ മിഴികള്‍ നിറഞ്ഞു.
    എനിക്കറിയാം നിന്‍റെ ഹൃദയവും ഒന്ന് വിങ്ങിയിരിക്കും."

    ക്ലാര വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു വ്യക്തിത്വമാണ്...പകരം വെക്കാനാവാത്തത്....
    ശ്രീവേദയുടെ തുറന്ന അഭിപ്രായം വായിച്ചു...ഇഷ്ടായി...
    ക്ലാരയെ ടീവിയില്‍ കണ്ടപ്പോള്‍ എന്ന് ഓര്‍ത്തു എന്ന് പറഞ്ഞില്ലേ...ശ്രീവേദയുടെ ഈ വാക്കുകള്‍ ഒരു പ്രോത്സാഹനമായി എന്നില്‍ നിറയുന്നു...നന്ദി....നൂറു വട്ടം...!

    ഓഫ്‌ ടോപിക്: എനിക്ക് ക്ലാരയോടുള്ള പ്രണയം പോലെയാണ് അല്ലെ നിനക്ക് അവനോടുള്ള ഇഷ്ടവും...:-)

    ReplyDelete
  2. എന്‍റെ വീടിന്‍റെ നടുമുറ്റത്തെ മുല്ലവള്ളികളില്‍ രാത്രി പൂക്കള്‍ വിരിയുമ്പോള്‍,അതിന്‍റെ സുഗന്ധം എനിക്ക് ചുറ്റും നിറയുമ്പോള്‍,
    ഞാന്‍ ഓര്‍ക്കാറുണ്ട് ഈ മനോഹാരിതകള്‍ ആസ്വദിക്കാന്‍ എനിക്കൊപ്പം നീയും കൂടി ഉണ്ടായിരുന്നെങ്കിലെന്ന്.....

    ശലോമോന്റെ സങ്കീര്‍ത്തനങ്ങള്‍ പോലെ മനോഹരം.

    ReplyDelete
  3. ശീമക്കൊന്ന പ്രണയത്തിന്റെ ചുറ്റുവട്ടത്തൊന്നും ആരും നട്ടുവളർത്തി കണ്ടില്ല, ആ കാമുകൻ അത്രയേറെ ഡിഫറന്റാണ്.

    ReplyDelete
  4. ഈ എഴുത്ത് നന്നായിട്ടുണ്ട്..ഭാവുകങ്ങള്‍
    സ്നേഹത്തോടെ മനു..

    ReplyDelete
  5. മുന്തിരിതോപ്പുകളില്‍ തൂവാനത്തുമ്പികളെ പോലെ പാറിനടക്കാന്‍, ശ്രീവേദയുടെ ഗന്ധര്‍വന്‍ എന്നും എന്നെന്നും ഒപ്പമുണ്ടാവട്ടെ...
    പ്രണയാര്ദ്രമീ പ്രകൃതിയും....

    ReplyDelete
  6. ഇനിയും നിറഞ്ഞു പൂക്കട്ടെ ശീമക്കൊന്നകള്‍...
    - സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete
  7. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    മനോഹരമായ ഈ പ്രണയവിചാരങ്ങള്‍ വളരെ ഇഷ്ടായി,കേട്ടോ.
    ശീമക്കൊന്ന മരങ്ങള്‍ എനിക്ക് വളരെയേറെ പ്രിയപ്പെട്ടതായത്,അച്ഛന്റെ വീട്ടു വളപ്പിലും പാടത്തിന്‍ വരമ്പിലും പൂത്തു നില്‍ക്കുന്ന ശീമക്കൊന്ന പൂക്കള്‍ കണ്ടു വളര്‍ന്ന ബാല്യം മുതല്‍...!
    മനസ്സില്‍ പ്രണയവും സ്നേഹിക്കാന്‍ കൂട്ടുകാരനും ഉള്ളപ്പോള്‍, ഹൃദയത്തില്‍ നിന്നും വരികള്‍ ഒഴുകുന്നു.
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  8. anuvinte comment nu vendi njan kaathirikkukayaayirunnu.
    de ini muthal aadyam vannu comment idanam ketto.
    anuvinte vaakkukal nalkunna positive energy ............athethrayennu paranjariyikkaanaavilla.pinne shree mathi.kutti venda.njan vallathe kutti aavunna pole thonnunnu athu kelkkumpol.chuttuvattathevideyo oru pooraparambil ninnu gaanamela kelkkunnu.
    oru mani aayi.shubha raathri ennu parayano?atho shubha dinam ennu paranju aashamsikkano?ariyilla.onnu parayaam ellaam shubhamaavatte.

    shree

    ReplyDelete
  9. കൊള്ളാം ഇഷ്ടമായി...

    ReplyDelete