മട്ടുപ്പാവിലെ മരത്തിന്റെ അഴികള്‍ക്കിടയിലൂടെ എത്തുന്ന കാറ്റില്‍ എനിക്ക് പ്രിയമുള്ളതൊക്കെ എന്നെ തേടിയെത്തുന്നു.
അവയ്ക്കെല്ലാം നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്.
അവയിലെല്ലാം നിന്റെ ഓര്‍മ്മകളുടെ സങ്കടമുണ്ട്.
മുറ്റത്തിന്റെ അതിരില്‍ നില്ക്കുന്ന വലിയ കിളിച്ചുണ്ടന്‍ മാവിന്റെ ചില്ലകളില്‍,
ഇലകളുടെ തണുപ്പേറ്റു കിന്നാരം പറഞ്ഞിരിക്കുന്ന ഓലേഞ്ഞാലികള്‍ തമ്മില്‍ പറയുന്നത്
നമ്മളെ കുറിച്ചാവുമെന്നു ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്.
കുരുമുളക് വള്ളിയില്‍ പിടിച്ച്,ഇലകളില്‍ ഇരുന്നു ആടാന്‍ ശ്രമിക്കുന്ന കുഞ്ഞു കിളികളെ കാണുമ്പോള്‍
എന്നെ ചിരിപ്പിക്കാനായി നീ പറഞ്ഞു വിട്ടതാണ് അവയെ എന്ന് ഞാന്‍ കരുതാറുണ്ട്.
തൊടിയുടെ അങ്ങേ അറ്റത്തു നില്ക്കുന്ന പൂത്ത മുളകള്ക്കിടയില് വെളുത്ത നീണ്ട തൂവലുള്ള കഴുത്തിന് കടും കറുപ്പ് നിറമുള്ള നാകമോഹന്‍ പക്ഷിയെ ആദ്യം കണ്ടപ്പോള്‍ എനിക്കുണ്ടായ അത്ഭുതം പറഞ്ഞറിയിക്കാനാവാത്ത ഒന്നാണ്.
പിന്നെ പിന്നെ ഇടയ്ക്കിടെ ഞാന്‍ അവിടെ കാണാറുണ്ട്.
ഒരിക്കല്‍ മുറ്റത്തെ ചെമ്പക മരത്തിനിടയില്‍ വന്നിരുന്നപ്പോള്‍ അത് നീ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി.
നിനക്ക് പ്രിയപ്പെട്ട വരിക്കപ്ലാവില് നീയൊരിക്കല്‍ ഒരു മയിലിന്റെ സൌന്ദര്യത്തില്‍ എനിക്ക് മുന്നിലെത്തി.
ആ മയില്‍ ഒരു കെട്ട് പീലികള്‍ ചേന തൈകള്‍ക്കിടയില്‍ പൊഴിച്ചപ്പോള്‍
അമ്മ പോലും പറഞ്ഞു അവന് നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്ന്.
ഇലഞ്ഞി പൂത്ത പടിയ്ക്കല്‍ അസ്തമയത്തിന്റെ ഭംഗി കാണാന്‍ ഞാന്‍ നിന്നപ്പോള്‍ എനിക്ക് മേലെ ഇലഞ്ഞി പൂക്കള്‍ തുരുതുരെ വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാനും അതിശയിച്ചു.
നീയെന്നെ ഇത്രയേറെ പ്രണയിക്കുന്നല്ലോ എന്നോര്‍ത്ത്.
എന്റെ പ്രഭാതം എന്നെ ഉണര്‍ത്തുന്നത് നീയൊരു കുയിലായാണ്.
എനിക്ക് വേണ്ടി മാത്രം മൂളുന്ന ഒരു ആണ്കുയില്..
വെള്ളാരം കല്ലുകള്‍ പെറുക്കാനായി തോട്ടിലെക്കിറങ്ങിയപ്പോള് എവിടെ നിന്നോ കൂട്ടത്തോടെ ഒരു കുടന്ന നിറയെ അപ്പൂപ്പന് താടികള്‍ എനിക്ക് ചുറ്റും പറന്നു വന്നത് നിന്റെ കുസൃതിയായിരുന്നില്ലേ?
നിറയെ അപ്പൂപ്പന് താടികള്‍ ഒട്ടിച്ച ഇളം പച്ച കടലാസ്സില്‍ "you are mine" എന്ന് നീയെനിക്ക് എഴുതി തന്നതിന്നും ഞാന്‍ സൂക്ഷിക്കുന്നു.
പ്രിയപ്പെട്ടവനെ,ഞാന്‍ മരിച്ചാലും നിനക്കൊപ്പം എന്നും ഉണ്ടാകുമെന്ന് നീ പറഞ്ഞതിന്റെ അര്‍ഥം ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.
വിധി എനിക്കും നിനക്കും ഇടയിലെ ദൂരം വീണ്ടും വീണ്ടും ഇല്ലാതാക്കിക്കൊണ്ടെയിരിക്കുന്നു.
ഒരു വിരല്തുമ്പിനറ്റം നീയിപ്പോള്‍...........................
എനിക്കടുത്തായുണ്ട്.
നിന്റെ കിടക്കയുടെ ചുറ്റും നിന്റെ ഇഷ്ടങ്ങളെല്ലാം ഞാന്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട്.
നീ ഉറങ്ങുമ്പോള്‍ മുളകള്‍ കാട്ടിലൂടെ നിനക്കായി മൂളും.
നീ ഉണരാനായി ഇലഞ്ഞിയും,ചെമ്പകവും,നിന്റെ മേല്‍ സുഗന്ധം പൊഴിക്കും.
ഞാവല്‍ പഴങ്ങള്‍ നിന്റെ വിശപ്പകറ്റും.
നിനക്ക് പ്രണയിക്കാന്‍,നിന്നെ പ്രണയിക്കാന്‍ ഞാന്‍ എന്നും അവിടെയുണ്ടാകും.
ഒരിക്കല്‍ ഞാന്‍ വരും.
ഈ ഇഷ്ടങ്ങള്‍ക്ക് നടുവില്‍ നിനക്കൊപ്പം ഉറങ്ങാന്‍............................
തോരാതെ പെയ്യുകയാണ്....പ്രണയം, വിരഹവും ;
ReplyDeleteനന്നായിട്ടുണ്ട് ആശംസകള്‍
അതെ ഈ മഴ പെയ്തുകൊന്ടെയിരിക്കട്ടെ.
Deleteഈ മഴ നനയാന്‍ ഞാന്‍ ഏറെയിഷ്ടപ്പെടുന്നു.
നല്ല വാക്കുകള്‍ക്കും തന്ന ആശംസകള്‍ക്കും നന്ദി.
പ്രണയം എന്നും നിലനില്ക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteആശംസകള്‍ക്ക് നന്ദി.
Delete"നീ ഉറങ്ങുമ്പോള്‍ മുളകള്‍ കാട്ടിലൂടെ നിനക്കായി മൂളും.
ReplyDeleteനീ ഉണരാനായി ഇലഞ്ഞിയും,ചെമ്പകവും,നിന്റെ മേല്‍ സുഗന്ധം പൊഴിക്കും"
പ്രിയ ശ്രീ....
നീ ഈ പോസ്റ്റിലൂടെ മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക് ഒരായിരം മയില്പീലികളുടെ ചാരുതയുണ്ട്....
കിളിച്ചുണ്ടന്‍ മാവിന്റെ ചില്ലകളില്‍ ഇരുന്നു കാറ്റു കൊള്ളുന്ന ഓലേഞ്ഞാലിയും, പൂത്ത മുളകള്ക്കിടയിലും ചെമ്പക മരത്തിന്റെ ചില്ലകളിലും ഇടയ്ക്കിടെ വിരുന്നു വരുന്ന നാകമോഹന്‍ പക്ഷിയും പീലി വിരിച്ചണിഞ്ഞൊരുങ്ങി നില്ക്കുന്ന മയിലും നിന്നെയുണര്ത്താനെത്തുന്ന ആണ്‍കുയിലും എല്ലാം നിന്നെ കുറിച്ച്, നിന്റെ പ്രണയത്തെ കുറിച്ചാണ് മൂളുന്നത്....കാരണം, അവിടെ എല്ലാറ്റിലും അവന്റെ പ്രണയത്തിന്റെ ഗന്ധമാണ്....മരങ്ങള്‍ക്കും ചെടികള്‍ക്കും തോട്ടിലെ വെള്ളാരം കല്ലുകള്‍ക്കും പാറി നടക്കുന്ന അപ്പൂപ്പന് താടിക്കും എന്തിനു അസ്തമയത്തിനു പോലും നിങ്ങളെ അറിയാമായിരുന്നിരിക്കണം...
ഓര്‍മ്മകളുടെ സുഗന്ധവും നഷ്ടവും നിറഞ്ഞ ഈ പോസ്റ്റും ഹൃദയത്തില്‍ എവിടെയോ മുറിവേല്‍പ്പിച്ചുകൊണ്ട് എങ്ങോട്ടോ യാത്രയാകുന്നു.....
മഹേഷ്,
Deleteനിങ്ങളുടെ വാക്കുകള്‍ ഈ തവണയും എന്നെ നിശബ്ദയാക്കുന്നു.
എന്നെ ഏറെ സന്തോഷിപ്പിക്കുന്നു ഈ വാക്കുകള്‍...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
ReplyDeleteപ്രണയ ചിന്തകള്‍ ! അതങ്ങനെയാണ്..
നഷ്ടമായെന്ന് വിശ്വസ്സിക്കാന്‍ മനസ്സ്
ഒരിക്കലും അനുവദിക്കില്ല ഹൃത്തില്‍
പതിഞ്ഞ് പൊയ ചിലതിനേ ...
നീ എനിക്കെന്ന് ആയിരമായിരം വട്ടം
അവന് മൊഴിഞ്ഞു പൊയത് വെറും
വാക്കല്ലന്ന് പ്രകൃതിയിലൂടെ മുന്നിലേ
ചലിക്കും തൂവലിലൂടെ അവന് അടിവരയിടുന്നു
അതോ ഈ നൈര്‍മല്യ മനസ്സിന്റെ സഞ്ചാരമോ ..
എന്തുമാകട്ടെ നാളെയുടെ പുലരിയില്‍ അവന് ചാരെ
പൂര്‍ണ വര്‍ണ്ണമോടെ , പ്രണയാദ്രമായ് നിറയുവാന്‍
ഈ മനസ്സെന്നും കൊതിച്ചു പൊകുന്നുണ്ട് ..
എങ്ങനെയാണ് ഈ സ്നേഹാദ്രമാം ഹൃദയം
വിട്ടവന് പൊകുവാന്‍ കഴിയുക ,ഒരിക്കലുമില്ല
ചാരെയുണ്ട് എന്നുമെന്നും പ്രീയ അനുജത്തികുട്ടി ..
പ്രണയത്തിന്റെ നഷ്ടനിമിഷങ്ങളിലും ആര്‍ദ്രമായ
വരികള്‍ നിറച്ച് പ്രണയിക്കാന്‍ തൊന്നിപ്പിക്കുന്ന വരികള്‍ ..
വല്യേട്ടാ,
Deleteസുഖാണോ?
ജീവിതം മനോഹരമായി പോവുന്നുവോ?
നല്ല വാക്കുകള്‍ക്കു നന്ദി.
ഈ വാക്കുകള്‍ എനിക്കൊരുപാട് ധൈര്യം തരുന്നു.
പറഞ്ഞത് സത്യമാണ് കേട്ടോ.
അവസാനത്തെ വരികള്‍ എനിക്കിഷ്ടമായി.
കമന്റിലെ.
പ്രണയാർദ്രം..
ReplyDeleteyes.......
Deleteപ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteഹൃദയത്തില്‍ നിന്നും കൂട്ടുകാരന് വേണ്ടി എഴുതുന്ന വരികളില്‍ സ്നേഹം പൂത്തുലയുന്നു! വായിച്ചു കഴിയുമ്പോള്‍ കണ്ണ് നിറയുന്നു!
എത്ര മനോഹരമായാണ് ഈശ്വരന് ആ സ്നേഹസാന്നിധ്യം കാണിച്ചു തരുന്നത്. തളരാതെ, ജീവിതം മുന്നോട്ടു പോകട്ടെ !
നാകമോഹന്‍ പക്ഷി എന്നാല്‍ ഞങ്ങളുടെ ചെമ്പോത്ത് അല്ലെ? ഈശ്വരന്റെ കാക്ക എന്നും പറയും.
ഈ പ്രണയം ജീവിക്കാന്‍ ഊര്‍ജം നല്കട്ടെ !
ഹൃദയത്തിലേക്ക് ഇറങ്ങിചെല്ലുന്ന വരികള്‍...!
പതിവ് പോലെ ഹൃദ്യം....മനോഹരം...!
നിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകള്‍!
സസ്നേഹം,
അനു
അനുക്കുട്ടീ,
Deleteഅനുവിന്റെ വാക്കുകള്‍ എനിക്ക് നല്കുന്ന സന്തോഷം പറഞ്ഞാലും തീരില്ല.
ഞാന്‍ ആഗ്രഹിക്കുന്ന കമന്റുകളില്‍ ഒന്നാണ് പാറുവിന്റെ.
പിന്നെ നാകമോഹന്‍ അത് ചെമ്പോത്ത് അല്ല അനൂ.
അത് വേറൊന്നാണ്...
വളരെ മനോഹരമായ ഒന്ന്.
ഈ കാലത്തെ കാണാറുള്ളൂ കൂടുതലും.
ഇന്നലെ കണ്ടിരുന്നു.
അനുവിനെ പരിച്ചയപ്പെടുതിയിട്ടുണ്ട് കേട്ടോ.
നിറങ്ങള്‍ സന്തോഷവും,ചിരിയുമാകുന്ന ആ നല്ല ദിനത്തിന്റെ ആശംസകള്‍ തിരിച്ച് പാറൂനും.
പോയി നാളേയ്ക്കുള്ള പോസ്റ്റ് എഴുതൂ പാറൂ.
http://www.indianaturewatch.net/images/album/photo/11409739564d3bbe43b3434.jpg
Deleteഅനൂ.. എന്റെ അറിവില്‍ ഇതാണ് നാകമോഹന്‍.. ശരിയാണോ ശ്രീ??
നന്ദി ഈ സുന്ദരനെ പരിചയപ്പെടുത്തിയതില്‍
athe ithu thanne.
Deleteഎന്താ പറയുക,
ReplyDeleteഹൃദയാക്ഷരങ്ങള്‍ എന്നുപറഞ്ഞാല്‍ കൂടുതല്‍ ചേരും എന്ന് തോന്നുന്നു.
ശരിക്കും അറിയുന്നു വരികളിലെ വികാരം.
വേറൊന്നും പറയാന്‍ പറ്റുന്നില്ല.
നന്ദി മന്‍സൂര്‍ ഭായ്.
Deleteഎന്റെ വാക്കുകള്‍ നല്ലതെന്ന് മാഷേ പോലെ ഒരു നല്ല എഴുത്തുകാരന് പറയുന്നത് എനിക്കൊരു ട്രോഫി അടിച്ച പോലെ ആണ്.
മറ്റുള്ളവര്‍ക്ക് നേരെ ഹൃദയം തുറന്നു ചിരിക്കുക.
ReplyDeleteഅതിനേക്കാള്‍ നന്മ മറ്റൊന്നുമില്ല.
എന്നെ നോക്കി ചിരിച്ചതില്‍ ഒരുപാട് നന്മയുന്ടെന്നു വിശ്വസിക്കുന്നു.
പ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteനിറങ്ങളുടെ ഉത്സവമായ ഹോളിയില്‍ ഈ ചെറു നഗരം അലിയുന്നു. പക്ഷെ പോസ്റ്റ് എഴുതിയത് ഹോളിയെക്കുറിച്ചല്ല. വനിതാ ദിനത്തെക്കുറിച്ചാണ്.ഇംഗ്ലീഷ് ബ്ലോഗില്‍ രാവിലെ തന്നെ പോസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ടുവോ?
ഇന്ന് മലയാളത്തില്‍ ഒരു പോസ്റ്റ് എഴുതേണ്ട ദിവസമായിരുന്നു. പക്ഷെ വേണ്ട എന്ന് വെച്ചു; അതൊരു ത്യാഗമാണ്. കാരണം വേണ്ട എന്ന് പറഞ്ഞു .:)
ഇത്രയും കാവ്യാത്മകമായ പേരുള്ള പക്ഷിയുടെ ഫോട്ടോ കൊടുത്തു കൂടെ?
പറയാതെ വയ്യ, ശ്രീക്കുട്ടി....,കൂട്ടുകാരന്റെ സ്നേഹോപഹാരങ്ങള്‍ എത്ര മനോഹരം!
വളരെ പേര്‍സണല്‍ ആയ ഒരു കാര്യം പറയാനുണ്ടായിരുന്നു. ഇവിടെ പറ്റില്ല. I hope you know my mail ID.
HAPPY WOMEN'S DAY !
മഴയില്‍.......രാത്രിമഴയില്‍.......എന്ന പാട്ട് കേട്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ !
അമ്മയോടും ശ്രീഹരിയോടും അന്വേഷണം പറയു.
സസ്നേഹം,
അനു
വേദ,
ReplyDeleteഎത്ര മനോഹരമായാണ് വേദ അവനെ പ്രണയിക്കുന്നത്!!.!!!,!! തീര്‍ച്ചയായും അവന് ഭാഗ്യം ചെയ്തവന് തന്നെ.. നാകമോഹന്‍ പക്ഷിയും, ഓലേഞ്ഞാലികളും എല്ലാം അവന്റെ സ്നേഹാന്വേഷണങ്ങളുമായി വന്നത് തന്നെയാവും.എന്താണ് ഞാന്‍ പറയുക....
"കാലചക്രം കറങ്ങിക്കൊണ്ടേ ഇരിക്കട്ടെ.. വിധി നിശ്ചയം അനുസ്യൂതം നിറവേറപ്പെടട്ടെ..
ഏതെങ്കിലുമൊരു നിയതിഘട്ടത്തില്‍, വരാനിരിക്കുന്ന യുഗങ്ങളിലോന്നില്, പിറവിയെടുക്കാന്‍ പോകുന്ന ഏതെങ്കിലുമൊരു ജന്മത്തില് നാം കണ്ടുമുട്ടുക തന്നെ ചെയ്യും, അതെന്റെ സ്വപ്നമാണ്, അതൊരു അനിവാര്യതയാണ്.. ഒരു വിധിക്കും തടുക്കാന്‍ കഴിയാത്ത അനിവാര്യത!! എന്തുകൊണ്ടെന്നാല്‍; ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..., സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു..."
(വേദ.. എല്ലാ രാത്രികളിലും ആകാശത്തു ഞാന്‍ 2 നക്ഷത്രങ്ങളെ കാണാറുണ്ട്., അതിലൊന്ന് എനിക്കേറെ പ്രിയമുള്ളതാണ്,, എന്നെ തന്നെ നോക്കി നില്ക്കുന്ന ആ കുഞ്ഞുനക്ഷത്രം,, ഒരുപക്ഷെ കൂടെയുള്ള കുഞ്ഞുതാരം വേദയെ ആവും നോക്കി കണ്ണിറുക്കുന്നത് അല്ലെ? ഞാന്‍ ഇത് എഴുതുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നുണ്ട്., )
സ്നേഹപൂര്‍വ്വം അവന്തിക..
"....ഓലേഞ്ഞാലികള്‍ തമ്മില്‍ പറയുന്നത്
ReplyDeleteനമ്മളെ കുറിച്ചാവുമെന്നു ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്..."
വെർതേ തോന്നണതാട്ടോ..!അവരു കഴിഞ്ഞദിവസത്തെ ഹർത്താലിനേക്കുറിച്ചു പറയ്വാരുന്നു..!!
നിറഞ്ഞു കവിയുന്ന പ്രണയചിന്തകൾ...!
ആശംസകൾ നേരുന്നു..പുലരി
ഹൃദയത്തില്‍ തേന്‍ കൊണ്ടെഴുതിയപോലെ...
ReplyDeleteപ്രണയത്തിന്റെ ഗന്ധം ഇവിടെയെങ്ങും തൂവിപ്പരക്കുന്നുണ്ട്.
മനു..
"ഒരിക്കല്‍ ഞാന്‍ വരും.
ReplyDeleteഈ ഇഷ്ടങ്ങള്‍ക്ക് നടുവില്‍ നിനക്കൊപ്പം ഉറങ്ങാന്‍............................"
ഹോ! എത്ര നന്നായി പറഞ്ഞു ഈ പ്രണയം..
നിന്നുള്ളില്‍ പ്രണയം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോകുന്നു ശ്രീ ...
നീ എന്നാല്‍ അവനാണ്.. നീയെന്നാല്‍ പ്രണയമാണ്..
മനസ്സ് പ്രണയം കൊണ്ട് നിറഞ്ഞു..
ReplyDeleteഇന്ന് രാത്രി അവളുടെ കൂടെ ഒരു ലോങ് വാക്കായികളയാം :)
ശ്രീ, വളരെ ആവേശത്തോടെ വായിച്ചു തുടങ്ങിയ ബ്ലോഗാണു ശ്രീ യുടേതു... ഇപ്പൊ എന്തെഴുതണമെന്നും അറിയില്ല. തുടർന്നു വായിക്കും, നന്നായി എഴുതുക, എന്നും കൂടെയുണ്ടാകും...
ReplyDelete